ഒന്ന് കണ്ണ് ചിമ്മി തുറക്കും മുൻപേ ഗോൾ! കളം നിറഞ്ഞ് കളിച്ച് ഹക്കീമിയും സംഘവും; സ്കോട്ട്‌ലൻഡിന് ഒടുവിൽ കണ്ണീർ മടക്കം; ലോകകപ്പ് ഗ്രൂപ്പ് സിയിൽ മൊറോക്കോ ഒന്നാമത്; 71 സെക്കൻഡിൽ കളി തീർക്കുന്ന കാഴ്ച; അലറിവിളിച്ച സ്കോട്ടിഷ് പടയെ നിശബ്ദരാക്കി മൊറോക്കോയുടെ മാസ്സ് എൻട്രി


മാസച്യുസെറ്റ്സ്: ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആവേശകരമായ മത്സരത്തിൽ സ്‌കോട്ട്‌ലൻഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി മൊറോക്കോ വിജയം സ്വന്തമാക്കി. ജയത്തോടെ രണ്ട് കളികളിൽ നിന്ന് നാലു പോയന്റുമായി മൊറോക്കോ തങ്ങളുടെ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ്. നിലവിൽ ഗ്രൂപ്പ് സിയിൽ മൊറോക്കോ ഒന്നാം സ്ഥാനത്തെത്തി. ബ്രസീലിനെതിരായ ആദ്യ മത്സരത്തിലും ഇസ്മയെൽ സൈബാറി തന്നെയാണ് മൊറോക്കോയ്ക്കായി സ്‌കോർ ചെയ്തത്.

ഈ ലോകകപ്പിലെ തന്നെ ഏറ്റവും അതിവേഗ ഗോളോടെയാണ് മത്സരം ആരംഭിച്ചത്. കളി തുടങ്ങി വെറും 71-ാം സെക്കൻഡിൽ ഇസ്മയെൽ സൈബാറിയിലൂടെ മൊറോക്കോ മുന്നിലെത്തുകയായിരുന്നു. വലതുവിങ്ങിൽ നിന്ന് ബ്രാഹിം ഡിയാസ് നൽകിയ ലോങ് പാസ് സ്വീകരിച്ച് മുന്നേറിയ സൈബാറി, സ്‌കോട്ട്‌ലൻഡ് ഗോൾകീപ്പർ ആൻഗസ് ഗണ്ണിന് യാതൊരു അവസരവും നൽകാതെ പന്ത് വലയിലെത്തിച്ചു. മൊറോക്കോയുടെ മത്സരത്തിലെ ആദ്യ മുന്നേറ്റം കൂടിയായിരുന്നു ഇത്. ആദ്യ ഗോൾ വീണതോടെ 'അറ്റ്‌ലാസ് ലയൺസ്' കൂടുതൽ സിംഹവീര്യത്തോടെയാണ് കളിച്ചത്.

പത്താം മിനിറ്റിൽ തന്നെ അവർ അടുത്ത ഗോളിന് തൊട്ടടുത്തെത്തിയെങ്കിലും സൈബാറിയുടെ ക്രോസ് വലയിലെത്തിക്കാൻ മൊറോക്കൻ താരങ്ങൾക്ക് കഴിഞ്ഞില്ല. തുടർന്ന് പതിനെട്ടാം മിനിറ്റിലും മൊറോക്കോ ഗോളിനടുത്തെത്തി. ഇത്തവണ സൂപ്പർ താരം അഷ്‌റഫ് ഹക്കീമിയുടെ തകർപ്പൻ ശ്രമം സ്കോട്ടിഷ് ഗോൾകീപ്പർ ആൻഗസ് ഗൺ അതിസാഹസികമായി തടയുകയായിരുന്നു. മൊറോക്കോ ആക്രമണം കടുപ്പിച്ചതോടെ സ്‌കോട്ട്‌ലൻഡ് തങ്ങളുടെ ഡിഫൻസീവ് ഷേപ്പ് വിടാതെ പ്രതിരോധത്തിലേക്ക് വലിഞ്ഞു.

പ്രതിരോധം മാത്രമായി മാറിയതോടെ ആദ്യ 45 മിനിറ്റിൽ ഒറ്റ മുന്നേറ്റമോ ഒരൊറ്റ ഷോട്ടോ സ്‌കോട്ട്‌ലൻഡിന്റെ ഭാഗത്തുനിന്നുണ്ടായില്ല. എന്നാൽ ആദ്യ പകുതിയുടെ അവസാന അഞ്ചു മിനിറ്റ് ഇൻജുറി ടൈമിൽ ശക്തമായി തിരിച്ചടിച്ച അവർ തുടർച്ചയായ ആക്രമണങ്ങളിലൂടെ മൊറോക്കൻ ഗോൾമുഖം വിറപ്പിച്ചെങ്കിലും ഗോൾ നേടാനായില്ല. രണ്ടാം പകുതിയിൽ ഇരു ടീമുകളും മികച്ച ഏതാനും മുന്നേറ്റങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. കളി കൈവിട്ടുപോകാതിരിക്കാൻ മൊറോക്കോ പ്രതിരോധം ശക്തമാക്കിയപ്പോൾ, അവസാന മിനിറ്റുകളിൽ സമനില ഗോളിനായി സ്‌കോട്ട്‌ലൻഡ് സർവ്വശക്തിയുമെടുത്ത് ശ്രമിച്ചെങ്കിലും മൊറോക്കൻ കോട്ട തകർക്കാൻ അവർക്കായില്ല. ഒടുവിൽ ആദ്യ സെക്കൻഡുകളിലെ ആ ഒറ്റ ഗോളിന്റെ ബലത്തിൽ മൊറോക്കോ വിജയം ഉറപ്പിച്ചു.



Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items